|
Updated on : 1, October, 2026 Posted on : 26, September, 2026. Post views : 65 Category : History, Literature, World literature |
19 - 20 നൂറ്റാണ്ടുകളിലെ ഏതാനും ശ്രദ്ധേയ സാഹിത്യ സൃഷ്ടികളിലെ സ്ത്രീകഥാപാത്രങ്ങളെ പരിചയപ്പെടാം
ലോകചരിത്രം രാജവാഴ്ചയുടെയും ഫ്യൂഡൽ വ്യവസ്ഥിതിയുടെയും കൊളോണിയൽ സാമ്രാജ്യത്വത്തിന്റെയും ഘട്ടത്തിൽ നിന്ന് ആധുനിക ഘട്ടത്തിലേക്ക് പ്രവേശിച്ച 19 , 20 നൂറ്റാണ്ടുകൾ ഒട്ടേറെ ഘടനാ മാറ്റങ്ങൾക്ക് സാക്ഷിയായി. രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മുന്നോടിയായി കലയും സാഹിത്യവും ദൃശ്യകലയും ഒക്കെ ബോധ നവീകരണത്തിന്റെ ചാലകശക്തികളായി. സമൂഹത്തിന്റെ ഉദാത്ത ബോധരൂപമാണ് യഥാർത്ഥ കലാസൃഷ്ടികൾ. അവ വൈവിധ്യവും സങ്കീർണ്ണവും വൈരുധ്യവും പ്രതിഫലിക്കുന്ന സൗന്ദര്യ രൂപങ്ങൾകൂടിയാണ്.
കാലത്തിനും സാമൂഹിക പ്രകൃതിക്കും അഭിമുഖമായി രൂപാന്തരപ്പെടുന്ന കലയുടെ ചരിത്രവും പരിണാമചിത്രവും അടയാളപ്പെടുത്തുന്ന സൃഷ്ടികൾ സവിശേഷ വെളിപാടുകൾ പോലെയാണ്. ലോകചരിത്രം രാജവാഴ്ചയുടെയും ഫ്യൂഡൽ വ്യവസ്ഥിതിയുടെയും കൊളോണിയൽ സാമ്രാജ്യത്വത്തിന്റെയും ഘട്ടത്തിൽ നിന്ന് ആധുനിക ഘട്ടത്തിലേക്ക് പ്രവേശിച്ച 19 , 20 നൂറ്റാണ്ടുകൾ ഒട്ടേറെ ഘടനാ മാറ്റങ്ങൾക്ക് സാക്ഷിയായി. രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മുന്നോടിയായി കലയും സാഹിത്യവും ദൃശ്യകലയും ഒക്കെ ബോധ നവീകരണത്തിന്റെ ചാലകശക്തികളായി. സമൂഹത്തിന്റെ ഉദാത്ത ബോധരൂപമാണ് യഥാർത്ഥ കലാസൃഷ്ടികൾ. അവ വൈവിധ്യവും സങ്കീർണ്ണവും വൈരുധ്യവും പ്രതിഫലിക്കുന്ന സൗന്ദര്യ രൂപങ്ങൾകൂടിയാണ്.
ക്ളാസ്സിക്കുകൾ എന്ന വിശേഷണത്തോടെ പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉജ്ജ്വലമായ സംഭവങ്ങളാണ് ഒന്ന് തിരിഞ്ഞുനോക്കിയാൽ നാം കാണുന്നത്. 19 - 20 നൂറ്റാണ്ടുകളിലെ ഏതാനും ശ്രദ്ധേയ സാഹിത്യ സൃഷ്ടികളിലെ സ്ത്രീകഥാപാത്രങ്ങളെ പരിചയപ്പെടാം.
1. എമ്മ
ഗുസ്താവ് ഫ്ലൂബെയുടെ മാഡം ബോവറി എന്ന നോവലിലെ എമ്മ എന്ന കഥാപാത്രമാണ് ഒന്നാമത്തേത്.
1857 ൽ രചിച്ച ഈ നോവൽ അക്കാലത്ത് അശ്ലീലം എന്നു വിശേഷിക്കപ്പെട്ടിരുന്നു. എന്നാൽ സാഹിത്യ ചരിത്രത്തിലും ഫ്രഞ്ച് സ്ത്രീസമൂഹത്തിലും ഏറെ സ്വാധീനിച്ചിരുന്നു. ബാഹ്യ സംഭവങ്ങളേക്കാൾ ചിന്തകളുടെയും വികാരങ്ങളുടെയും കൃത്യമായ അവതരണത്തിലൂടെ യാഥാർഥ്യബോധം വായനക്കാരിൽ ഉളവാക്കുന്നു. റിയലിസത്തിന്റെ , അതായത് യഥാതഥ വാദത്തിന്റെ തുടക്കമായിരുന്നു അത്.
സുന്ദരിയും വിദ്യാഭ്യാസം ഉള്ളവളുമായ എമ്മയാണ് കേന്ദ്രപാത്രം. കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു രണ്ടാംകെട്ടുകാരനായ ഡോക്ടർ ചാൾസ് ബോവറിയെ വിവാഹം കഴിക്കുന്നു. രോഗീപരിചരണത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു ഡോക്ടർ ബോവറി. ഗ്രാമീണ ഡോക്ടർ ആയതുകൊണ്ട് വരുമാനം കുറവ്. അയാൾ എപ്പോഴും രോഗികളുടെ കൂടെയായിരിക്കും . എമ്മയാവട്ടെ ഏകാന്തതയിലും. അവൾക്കൊരു മകൾ ജനിച്ചു. വിരസമായ ജീവിതത്തിൽ തോട്ടത്തിലൂടെ അവൾ അലഞ്ഞു നടന്നു. വായനയിലും സമയം ചെലവഴിച്ചു. ക്രമേണ ഭർത്താവിന്റെ സാന്നിധ്യത്തിൽ പോലും അവൾക്ക് അന്യതാബോധം അനുഭവപ്പെട്ടു.
സ്നേഹത്തിനും പദവിക്കും വേണ്ടിയുള്ള ആവേശത്തിൽ അവൾ ഒന്നൊന്നായി പലരെയും വിശ്വസിച്ചു. പ്രണയിച്ചു. ഓരോ പുരുഷനും അവളിൽ നിന്ന് നേടാവുന്നത് നേടിക്കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു. അങ്ങനെ എമ്മ മറ്റൊരു സമ്പന്ന പുരുഷന്റെ സ്വാധീനത്തിലാകുന്നു. സ്വന്തം ആർഭാടത്തിനു വേണ്ടി കൈവിട്ട് ചെലവഴിച്ച അവൾ ഒടുവിൽ കടക്കെണിയിലാവുന്നു. തനിക്ക് ചുറ്റുമുള്ള പുരുഷലോകം ചൂഷണത്തിന്റെയും ചതിയുടെയും ലോകമാണെന്ന് തിരിച്ചറിയുന്ന എമ്മ എന്ന മാഡം ബോവറി ആർക്കും കീഴടങ്ങാൻ തയ്യാറാവാതെ ആത്മഹത്യ ചെയ്യുന്നു. അക്കാലത്തെ പുരുഷ മേധാവിത്വ സമൂഹത്തിൽ സ്വന്തം വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ കദനകഥയാണ് മാഡം ബോവറി.
2. അന്ന കരേനിന
1877 ൽ ലിയോ ടോൾസ്റ്റോയ് രചിച്ച വിശ്വ വിഖ്യാത നോവൽ അന്ന കരേനിന . ഇതിൽ അന്ന എന്ന കഥാപത്രം അന്നത്തെ റഷ്യൻ സാമൂഹിക വ്യവസ്ഥയിൽ സ്ത്രീ ഒരു അടിമയല്ലെന്ന് തെളിയിക്കുന്നു.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ അന്നയും വ്രോൻസ്കിയും പരിചയപ്പെടുന്നു. അവൾ അലക്സി കരേനിന്റെ ഭാര്യയും ഒരു മകന്റെ അമ്മയുമാണ്. ഭർതൃ കുടുംബത്തിൽ യാതൊരുവിധ സ്വാതന്ത്ര്യവും അവൾക്ക് ലഭിച്ചിരുന്നില്ല. അക്കാലത്തെ റഷ്യൻ സമൂഹത്തിൽ ഭാര്യ എന്നത് കുടുംബത്തിലെ പരിചാരികയെ പോലെയായിരുന്നു. സമൂഹത്തിൽ അവൾക്ക് പ്രത്യേക സ്ഥാനങ്ങളൊന്നും അനുവദിച്ചിരുന്നില്ല. എന്നാൽ വിദ്യാസമ്പന്നയായ അന്ന തനിക്ക് ചുറ്റുമുള്ള അസ്വസ്ഥകരമായ ബന്ധങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ ആഗ്രഹിച്ചു. തന്റേതായൊരു സ്വതന്ത്രലോകം അവൾ സ്വപ്നം കണ്ടു. എന്നാൽ അലക്സി പ്രഭുവിനാകട്ടെ ഏതു സ്ത്രീകളുമായും ബന്ധപ്പെടുന്നതിൽ വിലക്കൊന്നുമില്ല. ഈ അവസരത്തിലാണ് അന്ന വ്രോൻസ്കിയുമായി കൂടുതൽ അടുക്കുന്നത്. അവൾക്ക് അയാളെ വിശ്വാസമായിരുന്നു. വ്രോൻസ്കിയിൽ നിന്ന് ഗർഭം ധരിച്ച അന്നയെ ഭർത്താവ് ഉപേക്ഷിക്കുന്നു. അന്ന വ്രോൻസ്കിയോടൊപ്പം പോകുന്നു. പക്ഷെ താമസിയാതെ വ്രോൻസ്കിയെ അന്ന സംശയിക്കുന്നു. വ്രോൻസ്കിക്ക് മറ്റൊരു പ്രഭുകുമാരിയുമായി ബന്ധമുള്ളത് അന്നയെ അസ്വസ്ഥമാക്കി. വ്രോൻസ്കിയുടെ എസ്റ്റേറ്റിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അവൾക്ക് തന്റെ ഭാവിജീവിതം ശൂന്യമായെന്ന് തിരിച്ചറിയുന്നു. മോസ്കോ സ്റ്റേഷനിൽ എത്തുന്ന അവൾ മറ്റൊരു ട്രെയിനിന് മുന്നിൽചാടി ആത്മഹത്യ ചെയ്യുന്നു. ആശ്രയത്തിനും യഥാർത്ഥ സ്നേഹത്തിനും വേണ്ടിയുള്ള സ്വതന്ത്രചിന്തയിൽ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന ദുരന്തമാണ് അന്നയിലൂടെ ടോൾസ്റ്റോയ് അവതരിപ്പിക്കുന്നത്. .
3. കാത്തി
എമിലി ബ്രോണ്ടിയുടെ വുതറിങ് ഹൈറ്റ്സ് എന്ന നോവലിലെ കാത്തി എന്ന സ്ത്രീകഥാപാത്രം.
കാത്തി കൊച്ചുകുട്ടിയായിരിക്കുമ്പോൾ പിതാവ് വുതറിങ് ഹൈറ്റ്സ് എന്ന മാളികയിലേക്ക് കൂട്ടിക്കൊണ്ടുവന്ന അനാഥബാലൻ ഹീത്ത് ക്ലിഫുമായുള്ള വിചിത്ര ബന്ധമാണ് ഈ നോവലിൽ നാം കാണുന്നത്. കൂട്ടുകാരെ പോലെ അവർ ജീവിച്ചുവളർന്നു. കാത്തിയുടെ മൂത്ത സഹോദരി ഹീത്ത് ക്ലിഫിനോട് ഒരു പരിചാരകനെ പോലെയാണ് പെരുമാറുന്നത്. എന്നാൽ ഹീത്ത് ക്ലിഫിന് കാത്തിയോട് ഇഷ്ടവും അധികാരവും തോന്നിത്തുടങ്ങുന്നു. ഒരിക്കൽ അയൽക്കാരായ ലിന്റൺ കുടുംബം നടത്തിയ സംഗീത പരിപാടി കാണുന്നതിനിടെ കാത്തിയെ നായകൾ ആക്രമിച്ചു. ലിന്റൺ കുടുംബം അവരുടെ വീട്ടിൽ മാസങ്ങളോളം കാത്തിയെ ശുശ്രുഷിക്കുന്നു. സുഖം പ്രാപിച്ച് വീട്ടിൽ തിരികെയെത്തിയ കാത്തിയോട് എഡ്ഗർ ലിന്റൺ വിവാഹ അഭ്യർത്ഥന നടത്തുന്നു. കാത്തി വിവാഹത്തിന് സമ്മതിക്കുന്നു. ഇതറിഞ്ഞ ഹീത്ത് ക്ലിഫ് അവിടെ നിന്ന് അപ്രത്യക്ഷമാവുന്നു. കാത്തിയുടെ വിവാഹം കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം സമ്പന്നനായിത്തീർന്ന ഹീത്ത് ക്ലിഫ് തിരിച്ചുവരുന്നു. അയാൾ രഹസ്യമായി വുതറിങ് ഹൈറ്റ്സ് വാങ്ങുന്നു. അയാൾക്ക് കാത്തിയെ സ്വന്തമാക്കണമെന്നുണ്ട്. പക്ഷെ കാത്തി എതിർക്കുന്നു. അങ്ങനെ അയാൾ അവളുടെ അനുജത്തി ഇസബെല്ലയുമായി വിവാഹത്തിന് ഒരുങ്ങുന്നു. കാത്തി ഈ ബന്ധത്തെ എതിർക്കുകയും ഇസബെല്ലയെ ഉപദേശിക്കുകയും ചെയ്യുന്നു. ആ ഉദ്യമം പരാജയപ്പെടുന്നു. ഹീത്ത് ക്ലിഫും ഇസബെല്ലയും വിവാഹിതരാവുന്നു ഹൃദയം തകർന്ന കാത്തി ഗുരുതരമായ രോഗാവസ്ഥയിലായി. ഹീത്ത് ക്ലിഫ് അവളെ കാണാനെത്തുന്നു. കാത്തിയും ഹീത്ത് ക്ലിഫും മനസ്സ് തുറക്കുന്നു. അവളുടെ അവസാന ആഗ്രഹ പ്രകാരം അവർ പതിവായി കണ്ടുമുട്ടിയിരുന്ന പെനിസ്റ്റോൺ ക്രാഗ്സ് എന്ന സ്ഥലം, അവളെ കൈകളിൽ കോരിയെടുത്ത് ജനാലയുടെ അടുത്തു കൊണ്ടു പോയി കാണിച്ചു കൊടുക്കുന്നു. മരണമടഞ്ഞ കാത്തിയുടെ ആത്മാവ് ഹീത്ത് ക്ലിഫിനെ മഞ്ഞുമലയിലേക്ക് എന്നേയ്ക്കുമായി കൂട്ടിക്കൊണ്ടുപോകുന്നു.
4. എലിസബത്ത്
ജെയിൻ ഓസ്റ്റിൻ എഴുതിയ പ്രൈഡ് ആൻഡ് പ്രജുഡീസ് എന്ന നോവലിലെ എലിസബത്ത് എന്ന സ്ത്രീകഥാപാത്രം.
ഇംഗ്ലീഷ് നോവൽ സാഹിത്യത്തിൽ ഇതിവൃത്തത്തിലും അവതരണത്തിലും സമൂലമായ മാറ്റങ്ങൾ ദർശിച്ച കാലഘട്ടമായിരുന്നു പത്തൊന്പതാം നൂറ്റാണ്ട്. വ്യാവസായിക വിപ്ലവ സ്വാധീനം , നഗരജീവിതം , ദാരിദ്ര്യം , സാമൂഹിക വിമർശനവും എല്ലാം നോവലിന് വിഷയമായി. പ്രണയം , വിവാഹം , കുടുംബ ബന്ധങ്ങൾ , പൊള്ളയായ പൊങ്ങച്ചം , ആഡംബരം തുടങ്ങിയവയും വിശകലന വിധേയമാക്കി. സാമൂഹിക മര്യാദകളും സ്ത്രീകളുടെ മാനസിക തലങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടു. അത്തരത്തിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച പ്രശസ്തരായ എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ . ഓസ്റ്റിന്റെ മാസ്റ്റർ പീസ് ആണ് പ്രൈഡ് ആൻഡ് പ്രജുഡീസ്.
പത്തൊന്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇംഗ്ലീഷ് മധ്യവർഗ ജീവിതത്തെ കൃതിയിൽ വിമർശനാത്മകമായി ചിത്രീകരിക്കുന്നു. ജെയിൻ ഓസ്റ്റിന് 21 വയസ്സുള്ളപ്പോൾ എഴുതിയ ഈ നോവൽ 20 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ മികച്ച ജനപ്രിയ നോവൽ ആണിത്.
ഓസ്റ്റിൻ ജീവിച്ചിരുന്ന അടച്ചിടപ്പെട്ട സാമൂഹിക ജീവിതത്തിന്റെ കൃത്യമായ ചിത്രീകരണം ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ അവർ നിർവഹിച്ചു.
പുരുഷ മേധാവിത്തം , സ്ത്രീകളുടെ വിദ്യാഭ്യാസമില്ലായ്മ , സാമ്പത്തിക പരാധീനത , ദുരഭിമാനം , വിവാഹം പോലുള്ള സമൂഹം നൽകുന്ന അമിത പ്രാധാന്യം , പൊള്ളയായ അന്തസ്സ് തുടങ്ങിയ വിഷയങ്ങളെ ഈ നോവലിൽ നിരീക്ഷണ വിധേയമാക്കുന്നു.
വളരെയധികം സമ്പന്നനായ അവിവാഹിതനായ ഒരു പുരുഷൻ ഒരു ഭാര്യയെ ആഗ്രഹിക്കുന്നു എന്നത് സർവ്വത്ര അംഗീകരിക്കപ്പെട്ട സത്യമാണ് എന്നൊരു നർമ്മത്തിലൂടെ സാമ്പത്തിക സുരക്ഷയും സാമൂഹിക നിലയും നേടാൻ സ്ത്രീകൾ വിവാഹത്തെ ആശ്രയിക്കേണ്ടി വരുന്നു എന്ന വിരോധാഭാസത്തെ എഴുത്തുകാരി വിമർശന വിധേയമാക്കുന്നു .
മറ്റേതൊരു രക്ഷകർത്താക്കളെയും പോലെ തന്റെ മക്കൾക്ക് അനുയോജ്യരായ സമ്പന്നനായ യുവാക്കളെ കണ്ടുപിടിച്ച് വിവാഹം നടത്തുക എന്നാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബെന്നറ്റിന്റെ ജീവിതലക്ഷ്യം. അയൽവാസിയായ ചാൾസ് ബിംഗ്ലിയെ മരുമകൻ ആക്കാൻ അവർ ആഗ്രഹിക്കുന്നു. അയാൾക്ക് അവരുടെ മൂത്തമകളിൽ താല്പര്യമുണ്ടെന്ന് അറിഞ്ഞ അവർ സന്തോഷിക്കുന്നു.
ഒരു ഡാൻസ് പാർട്ടിയിൽ ഡാൻസി എന്ന യുവാവിന്റെ കൂടെ ഡാൻസ് ചെയ്യാൻ എലിസബത്തിനെ കൂട്ടുകാർ നിർബന്ധിക്കുമ്പോൾ എലിസബത്തിന് വേണ്ടത്ര സൗന്ദര്യവും പ്രൗഢിയും പോരെന്ന് ഉറക്കെ പറഞ്ഞ് ഡാൻസി പിന്മാറുന്നു . ഇത് എലിസബത്തിന് വലിയ മാനഹാനിയാകുന്നു.
യഥാർത്ഥത്തിൽ ഈ കൃതിയിലുടനീളം കാണുന്നത് പണക്കാരൻ എന്ന ഡാൻസിയുടെ അഹന്തയും എന്തും സംശയം ദൃഷ്ട്യാ വിലയിരുത്തുന്ന എലിസബത്തിന്റെ മുൻവിധിയും ആണ്.
ബെന്നറ്റിന്റെ മക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ട് ബന്ധുവായ കോളിൻസ് എത്തുന്നു മിസിസ് ബെന്നറ്റ് അവനെ എലിസബത്തിന്റെ അടുക്കൽ എത്തിക്കുന്നു . പക്ഷേ അവന്റെ വിവാഹ വാഗ്ദാനം എലിസബത്ത് നിരസിക്കുന്നു. അവളെ നിരസിച്ച ഡാൻസിക്ക് ക്രമേണ എലിസബത്തിനോട് ഇഷ്ടം തോന്നുന്നു. അത് അവളോട് തുറന്നുപറയുന്നു. എന്നാൽ ഡാൻസിയുടെ പ്രേമം എലിസബത്ത് നിരസിക്കുന്നു പക്ഷേ കുറച്ചുനാൾ കഴിഞ്ഞ് തന്റെ സഹോദരിമാരുടെ ചില പ്രശ്നങ്ങളിൽ താൻ സംശയിച്ചത് പോലെ ഡാൻസി പ്രവർത്തിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ എലിസബത്ത് ഡാൻസിയെ പുതിയ വെളിച്ചത്തിൽ കാണാൻ ശ്രമിക്കുന്നു. ഡാൻസി വീണ്ടും പ്രണയാഭ്യർത്ഥന നടത്തുന്നു. ഇത്തവണ അവന്റെ പ്രണയം നിരസിക്കാൻ എലിസബത്തിന് കഴിയുന്നില്ല. എലിസബത്തിന്റെ പ്രണയമുല്ല മെല്ലെ തളർക്കാൻ തുടങ്ങുന്നു.
5. പെലാജിയ
മാക്സിം ഗോർക്കിയുടെ അമ്മ എന്ന പ്രസിദ്ധ സോഷ്യലിസ്റ്റ് റിയലിസ്റ്റിക് നോവലിലെ അമ്മയായ പെലാജിയ വിശ്വാസ സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു സ്ത്രീ കഥാപാത്രമാണ്.
വിപ്ലവത്തിന് മുൻപുള്ള 1905 ലെ റഷ്യൻ പശ്ചാത്തലം. ഭരണാധികാരം ലക്ഷ്യമിട്ട് തൊഴിലാളി വർഗ്ഗം നടത്തുന്ന മുന്നേറ്റങ്ങളെ ചെറുക്കുന്ന ചക്രവർത്തിയുടെ പോലീസും പട്ടാളവും. തൊഴിലാളി ആയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മദ്യപാനിയായി മാറുന്ന ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ഭാര്യ പെലാജിയ എന്ന മധ്യവയസ്ക ആണ് നായിക.
ഒളിപ്പോരാളികൾ നൽകുന്ന തോക്ക് തങ്ങളുടെ മകൻ പാവേൽ വീട്ടിൽ ഒളിപ്പിച്ചു വയ്ക്കുന്നത് കാണുന്ന അമ്മ, തൊണ്ടിമുതൽ കാണിച്ചുകൊടുത്താൽ തുടർന്നുള്ള നടപടികളിൽ നിന്ന് മകനെ ഒഴിവാക്കുമെന്ന് കരുതി പോലീസിന് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒന്നിലേറെ ചാർജ്ജുകളുടെ പേരിൽ പാവേലിനെ അറസ്റ്റ് ചെയ്തു കാരാഗ്രഹത്തിൽ അടയ്ക്കുന്നു . സഹ തടവുകാർക്ക് ഒപ്പം പ്ലാൻ ചെയ്തു പാവേൽ ജയിൽ ചാടുന്നു. സാഹസികമായി നദി നീന്തി കടന്ന് അമ്മയെ കണ്ടുമുട്ടുന്നു. പക്ഷേ പിന്തുടർന്നെത്തിയ പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്യുന്നു. മകന്റെ മരണം നേരിൽ കണ്ട പെലാജിയയിൽ ഉണ്ടാകുന്ന മന : പരിവർത്തനം അവരെ ഒരു വിപ്ലവകാരി ആക്കി മാറ്റുന്നു. സഖാക്കളോടൊപ്പം തെരുവിലൂടെ കയ്യിൽ ചുവന്ന കൊടിയുമായി അടിവച്ച് മുന്നേറുന്ന അമ്മ തങ്ങൾക്ക് നേരെ വന്ന പട്ടാളത്തിന്റെ മുന്നേറ്റത്തിൽ ഞെരിഞ്ഞു മരിക്കുന്നു.
6. ഫെർമിന
1960 കളിൽ വിശ്വ സാഹിത്യത്തിൽ ശ്രദ്ധേയമായി തീർന്നതും നിരൂപകർ മാജിക്കൽ റിയലിസം എന്ന് വിശേഷിപ്പിച്ചതുമായ സാഹിത്യധാര ഗബ്രിയേൽ ഗാർഷ്യ മാർക്ക്വിസിന്റെ കൃതികളിലൂടെയാണ് വികസിതമായത്. ലവ് ഇൻ ദി ടൈം ഓഫ് കോളറ എന്ന നോവലിലെ ഫെർമീന എന്ന സ്ത്രീകഥാപത്രം വിധവയാകുമ്പോൾ വാർദ്ധക്യത്തിലും തന്റെ പഴയകാല കാമുകനുമൊത്ത് ജീവിക്കാൻ തയ്യാറാവുന്നു. മരണത്തിനല്ല ജീവിതത്തിനാണ് അതിർത്തികൾ ഉള്ളതെന്ന് നോവലിസ്റ്റ് ഫെർമീനയിലൂടെ പറഞ്ഞുവയ്ക്കുന്നു.
വീട്ടുപരിസരത്തെ പൂങ്കാവനത്തിൽ ഇരുന്ന് സംഗീതം കേട്ടുകൊണ്ടിരുന്ന വൃദ്ധനായ ഡോക്ടർ ജുവാനിൽ ഉർബിനോ തന്റെ വളർത്തു തത്തയെ പിടിക്കാൻ ശ്രമിക്കുന്നു. മരത്തിൽ ചാരി വച്ചിരുന്ന ഏണിയിൽ ബദ്ധപ്പെട്ട് കയറി. ഗോവണി മറിഞ്ഞ് വീണ് ഉർബിനോ താഴെ തലയടിച്ചു മരിക്കുന്നു. വൃദ്ധയായ ഭാര്യ ഫെർമിന അയാളുടെ നിശ്ചല ശരീരം ചേർത്തു പിടിച്ച് തേങ്ങി.
1930 - ലെ കാർട്ടെജീന പട്ടണത്തിലെ ഭദ്രാസന പള്ളിയിൽ മണി മുഴങ്ങി. ഊഞ്ഞാൽ കട്ടിലിൽ നിന്ന് വൃദ്ധനായ ഫ്ലോറന്റിനോ, മരിച്ചത് ഏതോ വലിയ മാന്യനാണെന്ന് മനസ്സിലാക്കുന്നു. ഗവർണർ എങ്കിലും ആയിരിക്കണമെന്ന് കരുതുന്നു.
ഡോക്ടർ ഉർബിനോയുടെ മൃതശരീരത്തിന് അരികിൽ നിന്ന് ബന്ധുമിത്രാദികളുടെ അനുശോചനം സ്വീകരിക്കുന്ന ഫെർമീനയെ ഫ്ലോറൻ്റീനോ കാണുന്നു. ബന്ധുമിത്രാദികളും മക്കളും യാത്ര പറഞ്ഞു .
വീട്ടിലേക്ക് കയറിവന്ന ഫെർമിനയുടെ മനസ്സിൽ ദുഃഖം നിറഞ്ഞു നിൽക്കുമ്പോഴാണ് അവിടെ വൃദ്ധനായ ഫ്ലോറന്റിനോ കാത്തുനിൽക്കുന്നത് കാണുന്നത്. ഫെർമിനാ അയാളെ തിരിച്ചറിഞ്ഞു. കൗമാരക്കാലത്തെ കാമുകൻ ഫ്ലോറൻ്റീനോ. 51 വർഷങ്ങൾക്കു മുമ്പ് ഇരുവരും വിവാഹിതരാവാൻ കൊതിച്ചവരാണ്. ഫ്ലോറന്റിനോ അഭ്യർത്ഥിച്ചു. ഈ ഒരു സന്ദർഭത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു .
വാക്കുകളിൽ പ്രണയം വാരി വിതറി നിൽക്കുന്ന ഫ്ലോറന്റിനോയെ ഫെർമിന ദേഷ്യപ്പെട്ടു ഇറക്കി വിട്ടു.
ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഫെർമിന അലമാരയിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു . 50 വർഷം മുമ്പുള്ള പ്രണയലേഖനം. അതിൽ യുവാവായ ഫ്ലോറെന്റോയുടെ ഫോട്ടോ അവൾ കൈയിലെടുത്തു വലിച്ചുകീറി.
പക്ഷേ അവളുടെ മനസ്സ് തങ്ങളുടെ പഴയ പ്രണയകാലത്തിലേക്ക് പറന്നുനടന്നു. അമ്മായിയോടൊപ്പം എപ്പോഴും ഒരുമിച്ച് കാണുന്ന ഫെർമീനയെ സ്വന്തമാക്കാൻ ഫ്ളോറിന്റോ നടത്തിയ പ്രണയ സാഹസങ്ങൾ. തന്റെ മറുപടിക്കായി അവൻ കാത്തിരുന്ന നിമിഷങ്ങൾ...
പട്ടണത്തിൽ മുഴുവൻ കോളറ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യം. ഒരിക്കൽ ഫെർമിനയ്ക്കും സുഖമില്ലാതെയായി. ചികിത്സിക്കാനെത്തിയ ഡോക്ടർ ഉർബിനോ ഫെർമിനയോട് തന്റെ ഇഷ്ടം അറിയിക്കുന്നു. കുടുംബ നിർബന്ധത്തിന് അവൾ വഴങ്ങി. ഫ്ലോറെന്റോയുമായുള്ള ബന്ധം ഭാവനപരമായ ഒരു ഭ്രമം മാത്രമാണെന്ന് ബോധ്യപ്പെട്ട അവൾ ഡോക്ടറുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു. അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു. രണ്ടു മക്കൾ ഉണ്ടാവുകയും അവരുടെ വിവാഹം കഴിയുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഡോക്ടർ ഉർബിനോയുടെ മറ്റൊരു സ്ത്രീബന്ധം ഫെർമിന മനസിലാക്കി. വിശ്വസ്തനായ ഒരു ഭർത്താവല്ല അദ്ദേഹം എന്ന് അവൾക്ക് ബോധ്യപ്പെട്ടു. ബാഹ്യമായ സ്നേഹം മാത്രമേ ഉള്ളൂ .
അവൾ വർത്തമാനകാലത്തിലേക്ക് തിരികെ എത്തി . വിധവയും വൃദ്ധയുമായ ഫെർമിന ഡോക്ടർ ഉർബിനോയുടെ മരണശേഷം വീട്ടിൽ ഏകാന്തതയിലാണ്. ആ ഏകാന്തതയിലേക്ക് ഫ്ലോറന്റിനോ വീണ്ടും കടന്നു ചെല്ലുന്നു.
ഫെർമിനയോടുള്ള സ്നേഹം വീണ്ടും ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. ആദ്യം ഫെർമിന കോപിച്ചുവെങ്കിലും മെല്ലെ അയാളുടെ ആദ്യ അനുരാഗത്തിന്റെ ആത്മാർത്ഥത തിരിച്ചറിയുന്നു. വാർദ്ധക്യത്തിൽ അവർ ഒന്നു ചേരുന്നു. പരസ്പരം ഒരാശ്വാസം , സന്തോഷം. ഇനിയുള്ള ജീവിതം പ്രണയ വസന്തത്തിന്റെതാണ്. ജീവിതത്തിനാണ് അല്ലാതെ മരണത്തിനല്ല അതിരുകളില്ലാത്തത് എന്ന് ഫെർമിനോയുടെ പ്രണയം ലോകത്തെ ഓർമിപ്പിക്കുന്നു.
7. ഇലക്ട്ര
ഇലക്ട്രയുടെയും സഹോദരൻ ഓറസ്തസിന്റെയും ബാല്യത്തിൽ പിതാവും രാജാവുമായ അഗമനോണിനെ വധിച്ച് ഭാര്യയും ബന്ധു - കാമുകനും ചേർന്ന് അധികാരം പിടിച്ചെടുക്കുന്നു . 15 വർഷങ്ങൾക്ക് ശേഷം യുവതിയായ ഇലക്ട്ര തന്റെ പിതാവിനെ വധിച്ചവരോടുള്ള പ്രതികാരം ഒരു കടമ പോലെ നിർവഹിക്കാൻ തയ്യാറെടുക്കുന്നു. ബാല്യത്തിൽ നാടുകടത്തപ്പെട്ട ഓറസ്തസ് സുഹൃത്ത് പിലാഡിയോടൊപ്പം പ്രച്ഛന്നരായി അവിടെ എത്തുന്നു.
രാജാവും മാതാവിന്റെ കാമുകനുമായ അഗസ്തിസ്തോസ് സഹോദരനെ വധിച്ചതായി ഇലക്ട്ര അറിയുന്നു. അധികാര പ്രമത്തതയിൽ അഗസ്തിസ്തോസ് വിജയോന്മത്തനാണ്. ഇലക്ട്ര തന്റെ നിയോഗം ഒരു വിധി പോലെ നിർവഹിക്കാനുള്ള നീക്കം ആരംഭിച്ചു. വേഷം മാറി എത്തിയ ഓറസ്തസും സുഹൃത്ത് പിലാഡിയും അധികാരിയായ അഗസ്തിസ്തോസിനെ വധിക്കുന്നു.
ഇലക്ട്രയുടെ ധാർമിക രോഷവും അനീതിക്കെതിരെയുള്ള , സ്വേച്ഛാധികാരത്തിനെതിരെയുള്ള , രാഷ്ട്രീയ ആയുധമായി മാറുന്നു. മറ്റൊരു അർത്ഥത്തിൽ ലോകരാഷ്ട്രീയത്തിൽ കാണപ്പെടുന്ന ഭ്രാന്തമായ അധികാര ത്വരയ്ക്ക് വിധി എഴുതുകയാണ് ഇവിടെ. അഗസ്തിസ്തോസ് വധിക്കപ്പെടുമ്പോൾ ഗ്രീക്ക് ഇതിഹാസത്തിൽ അകലെ നിന്നും ഒരു ചുവന്ന കഴുകൻ പറന്നുവരുന്നു. ഇലക്ട്രയും ഓറസ്തസും ജനകീയ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം നൃത്തം ചെയ്യുന്നു. പിതാവിൻ്റെ ഘാതകനായ അഗസ്തീസ്തോസിനെ വധിച്ച് രാജാധികാരം പിടിച്ചെടുക്കുന്ന ഇലക്ട്ര എന്ന സ്ത്രീകഥാപത്രം കേന്ദ്രമാക്കി പിൽക്കാലത്ത് നാടകങ്ങളും നോവലുകളും രചിക്കപ്പെട്ടിട്ടുണ്ട്. മനഃശാസ്ത്രജ്ഞനായ സിഗ് മണ്ടു് ഫ്രോയിഡ് മകളും പിതാവും തമ്മിലുള്ള പ്രത്യേക ഇഷ്ടത്തെയും മകനും മാതാവും തമ്മിലുള്ള പ്രത്യേക ഇഷ്ടത്തെയും വ്യാഖ്യാനിച്ചിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള പ്രതികാരമായും ധാർമ്മിക നിലപാടായും സാഹിത്യകാരന്മാർ ഇലക്ട്രയെ അവതരിപ്പിച്ചിട്ടുണ്ട്.
PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020
© 2020 PeerBey. All rights reserved