Updated on : 31, October, 2026
Posted on : 31, October, 2026.    Post views : 40
Category : Art, Culture, Personalities
BOOKMARK THIS ARTICLE MOVE BACK

ഹാരി ഹൂഡിനി - ശാസ്ത്രം പ്രചരിപ്പിച്ച വിസ്മയ കലാകാരൻ

മാജിക് ലോകത്തിന്റെ എസ്കേപ്പ് കിംഗ്


2026 ഒക്ടോബര്‍ 31 ഹാരി ഹൂഡിനിയുടെ നൂറാമത് മരണ വാര്‍ഷികമാണ്‌. മാജിക്കിലൂടെ പ്രശസ്തനായ ഹാരി ഹൂഡിനിയുടെ ഷോമാൻഷിപ്പ്, പബ്ലിസിറ്റി തന്ത്രങ്ങൾ, ധൈര്യം എന്നിവ ഇന്നും പഠനവിഷയമാണ്. “സ്വാതന്ത്ര്യം”, “അസാധ്യതകളെ മറികടക്കൽ” എന്നിവയുടെ പ്രതീകമായി അദ്ദേഹം നിലകൊള്ളുന്നു.



ഹാരി ഹൂഡിനി (Harry Houdini) എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് അസാധ്യമായ എസ്കേപ്പുകളും ധൈര്യവും മാജിക്ക് എന്ന പ്രദർശന കലയും ആണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും ലോകം കണ്ട ഏറ്റവും പ്രശസ്തനായ മാജിഷ്യനും എസ്കേപ്പ് ആർട്ടിസ്റ്റുമായിരുന്നു അദ്ദേഹം. ഹാൻഡ്കഫുകൾ, സ്ട്രെയിറ്റ്ജാക്കറ്റുകൾ, വെള്ളം നിറച്ച ടാങ്കുകൾ എന്നിവയിൽ നിന്നുള്ള രക്ഷപ്പെടലുകൾ കൊണ്ട് ലോകമെമ്പാടും പ്രശസ്തി നേടിയ ഹൂഡിനി മാജിക് എന്ന കലയെ ഒരു ജനകീയ വിനോദമായി മാറ്റി. അതോടൊപ്പം തന്നെ വ്യാജ ആത്മീയവാദികളെയും അന്ധവിശ്വാസങ്ങളേയും വസ്തുതകൾ തുറന്നുകാട്ടുന്നതിലൂടെ സത്യാന്വേഷണത്തിന്റെയും സ്കെപ്റ്റിസിസത്തിന്റെയും ഒരു പ്രതീകവുമായി അദ്ദേഹം മാറി.


ജീവിതാരംഭം

ഹൂഡിനിയുടെ യഥാർത്ഥ പേര് എറിക് വീസ് (എറിച്ച് വീസ്) എന്നായിരുന്നു. 1874 മാർച്ച് 24-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഒരു ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് മയർ സാമുവൽ വീസ് ഒരു റാബിയായിരുന്നു. പിന്നീട് കുടുംബം അമേരിക്കയിലേക്ക് കുടിയേറി, വിസ്കോൺസിനിലെ ആപ്പിൾടണിൽ താമസമാക്കി. പിന്നീട് ന്യൂയോർക്കിലേക്ക് മാറി. ബാല്യകാലത്ത് തന്നെ ഹാരി, സർക്കസിൽ ട്രപീസ് പ്രകടനങ്ങൾ നടത്തിയിരുന്നു. 1894-ൽ വിൽഹെൽമിന ബിയാട്രിസ് റാഹ്നർ (ബെസ് ഹൂഡിനി)യെ വിവാഹം കഴിച്ചു. ബെസ് അദ്ദേഹത്തിന്റെ സ്റ്റേജ് അസിസ്റ്റന്റും ജീവിതപങ്കാളിയും ആയി മാറി.

ഫ്രഞ്ച് മാജിഷ്യൻ ജീൻ-യൂജിൻ റോബർട്ട്-ഹൂഡിന്റെ ആരാധകനായിരുന്ന അദ്ദേഹം തന്റെ സ്റ്റേജ് നാമം ഹാരി ഹൂഡിനി എന്നാക്കി. “ഹാരി” എന്നത് ബാല്യകാല വിളിപ്പേരായ “എറി”യിൽ നിന്നാണ് വന്നത്.


കരിയറും എസ്കേപ്പ് കലയും

ആദ്യകാലങ്ങളിൽ വോഡെവിൽ ഷോകളിലും (Vaudeville Show എന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും അമേരിക്കയിൽ വളരെ പ്രശസ്തമായിരുന്ന ഒരു തരം വൈവിധ്യ വിനോദ പ്രദർശനം ആണ്.)  ചെറിയ മാജിക് പ്രകടനങ്ങളിലും അദ്ദേഹം പങ്കെടുത്തു. എന്നാൽ യഥാർത്ഥ പ്രശസ്തി നേടിയത് എസ്കേപ്പ് ആക്ടുകളിലൂടെയാണ്. 1899-ൽ മാനേജർ മാർട്ടിൻ ബെക്ക് അദ്ദേഹത്തെ ശ്രദ്ധിച്ചതോടെ കരിയർ ഉയരാൻ തുടങ്ങി. “ഹാൻഡ്കഫ് കിംഗ്” എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു.  മാജിക്കിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും അദ്ദേഹത്തെ ലോക്ക് ചെയ്തു, പക്ഷേ അദ്ദേഹം രക്ഷപ്പെട്ടു. ഇത് പത്രങ്ങളിൽ വലിയ വാർത്തയായി.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പ്രകടനങ്ങളിൽ ചൈനീസ് വാട്ടർ ടോർച്ചർ സെൽ ഉൾപ്പെടുന്നു. തലകീഴായി തൂക്കിയിട്ട് വെള്ളം നിറച്ച ഗ്ലാസ് ടാങ്കിൽ ഇറക്കി പൂട്ടിയ ശേഷം അദ്ദേഹം മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടും. സ്ട്രെയിറ്റ്ജാക്കറ്റ് എസ്കേപ്പുകൾ, മിൽക്ക് കാൻ എസ്കേപ്പുകൾ, കോഫിൻ എസ്കേപ്പുകൾ, ബ്രിഡ്ജ് ജമ്പുകൾ എന്നിവയും ലോകമെമ്പാടും ആസ്വാദകരെ ആകർഷിച്ചു. യൂറോപ്പിലും അമേരിക്കയിലും വൻ ടൂറുകൾ നടത്തി. സൊസൈറ്റി ഓഫ് അമേരിക്കൻ മാജിഷ്യൻസിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.


ആത്മീയവാദികളെ തുറന്നുകാട്ടൽ

ഹൂഡിനിയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ഭാഗം വ്യാജ ആത്മീയവാദികളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുന്നതായിരുന്നു. അമ്മയുടെ മരണശേഷം അദ്ദേഹം ആത്മീയവാദത്തിൽ താൽപ്പര്യം കാണിച്ചെങ്കിലും  പലപ്പോഴും  മീഡിയങ്ങൾ നടത്തുന്ന കപട പ്രകടനങ്ങൾ തിരിച്ചറിയുകയും നൂറുകണക്കിന് ഷോകളിലൂടെ അവയുടെ തന്ത്രങ്ങൾ ജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. 


“ആത്മാക്കളുമായി ആശയവിനിമയം നടത്തുന്നു” എന്ന അവകാശം വച്ച് ആളുകളെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം ശക്തമായി വിമർശിച്ചു. ഭരണകൂടത്തിനു മുന്നിൽ സാക്ഷ്യം നൽകി ഫോർച്യൂൺ ടെല്ലിംഗ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. സയന്റിഫിക് അമേരിക്കൻ മാസികയുടെ ചലഞ്ചിൽ “മാർജറി” എന്ന മീഡിയത്തെ തുറന്നുകാട്ടി. സർ ആർതർ കോനൻ ഡോയിലുമായുള്ള സൗഹൃദം ഈ വിഷയത്തിൽ പലപ്പോഴും തർക്കവിഷയമായി. അദ്ദേഹം മാജിക് എന്നത് കലയാണെന്നും അതിമാനുഷിക ശക്തിയല്ലെന്നും ഊന്നിപ്പറഞ്ഞു. ദുഃഖിതരായ ആളുകളെ ചൂഷണം ചെയ്യുന്നതിനെതിരെ അദ്ദേഹം നടത്തിയ ഈ പ്രവർത്തനം സത്യാന്വേഷണത്തിനും യുക്തിചിന്തയ്ക്കും വലിയ സംഭാവന നൽകി. 1924-ൽ A Magician Among the Spirits എന്ന പുസ്തകം എഴുതി.


പ്രാധാന്യവും പൈതൃകവും

ഹൂഡിനി മാജിക് ലോകത്തെ മാറ്റിമറിച്ചു. അദ്ദേഹം എസ്കേപ്പ് ആക്ടിനെ ഒരു ജനകീയ കലയാക്കി. ആധുനിക മാജിഷ്യന്മാർക്ക് പ്രചോദനമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഷോമാൻഷിപ്പ്, പബ്ലിസിറ്റി തന്ത്രങ്ങൾ, ധൈര്യം എന്നിവ ഇന്നും പഠനവിഷയമാണ്. “സ്വാതന്ത്ര്യം”, “അസാധ്യതകളെ മറികടക്കൽ” എന്നിവയുടെ പ്രതീകമായി അദ്ദേഹം നിലകൊള്ളുന്നു. പോപ്പുലർ കൾച്ചറിൽ സിനിമകൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. 2026-ൽ അദ്ദേഹത്തിന്റെ മരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ഇന്നും “അസാധ്യമായ എസ്കേപ്പ്” എന്നർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.


മരണവും ഓർമ്മ

1926 ഒക്ടോബർ 31-ന് (ഹാലോവീൻ ദിനം) ഡെട്രോയിറ്റിലെ ഗ്രേസ് ഹോസ്പിറ്റലിൽ 52-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. അടിവയറ്റിൽ പഞ്ച് കിട്ടിയതിനെ തുടർന്നുണ്ടായ പെരിടോണിറ്റിസ് (ആന്തര സ്ഥരവീക്കം) ആയിരുന്നു മരണകാരണം. മരണത്തിന് മുമ്പ് അദ്ദേഹം തന്റെ ഭാര്യയുമായി ഒരു രഹസ്യ കോഡ് ഏർപ്പെടുത്തിയിരുന്നു, മരണാനന്തര ജീവിതം ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ആശയവിനിമയം നടത്താമെന്ന്. 1936 ഒക്ടോബർ 31 ന് അദ്ദേഹത്തിൻ്റെ മരണത്തിന് പത്താം വാർഷികത്തിൽ ഭാര്യ ബെസ് ഒരു സിയാൻസ് (സിയാൻസ് (Séance) എന്നത് ആത്മാക്കളുമായോ മരിച്ചവരുടെ ആത്മാവുമായോ ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന ഒരു പ്രത്യേക സമ്മേളനമോ ആചാരമോ ആണ്.) സംഘടിപ്പിച്ചു. ആത്മീയ ലോകത്തു നിന്ന് മരിച്ചവർ ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും ആശയവിനിമയം നടത്തുമോ എന്ന ഒരു പരീക്ഷണം കൂടിയായിരുന്നു അത്. പക്ഷേ അത്തരം ഒരു സന്ദേശം ഒരിക്കലും ലഭിച്ചില്ലെന്ന് ബെസ് പറഞ്ഞു. പത്തു വർഷത്തിനുശേഷം ഹാരിക്കുവേണ്ടിയുള്ള കാത്തിരുപ്പ് ബെസ് അവസാനിപ്പിച്ചു. ഹാരിയുടെ ഓർമ്മകളോടെപ്പം തെളിച്ചുവച്ച ദീപങ്ങൾ അണച്ചു കൊണ്ട് അവൾ പറഞ്ഞു - "Ten years is long enough to wait for any man"


ഹാരി ഹൂഡിനി ഒരു മാജിഷ്യൻ മാത്രമല്ല. അദ്ദേഹം ധൈര്യം, കഠിനാധ്വാനം, സത്യാന്വേഷണം എന്നിവയുടെ പ്രതീകമായി നിലകൊള്ളുന്നു. അസാധ്യമെന്ന് തോന്നുന്നതിനെ സാധ്യമാക്കാനുള്ള മനുഷ്യന്റെ കഴിവിനെ അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ഇന്നും പുതു തലമുറയ്ക്ക് പ്രചോദനമാണ്.



READ MORE



Comments & Contributions
Please share your knowledge, comment and feedback
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020


© 2020 PeerBey. All rights reserved

page counter